കണ്ണൂർ: കേരള വ്യവസായ വകുപ്പിന്റെയും കേന്ദ്ര ഐഎസ്എംഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ-ഇ.വി എക്സ്പോയും വ്യവസായി മഹാസംഗമവും അങ്കമാലിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 16,17,18 തിയ്യതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ് ഇൻഡസ്ട്രിയൽ എക്സ്പോയും വ്യവസായി മഹാസംഗമവും നടക്കുക.
16ന് രാവിലെ 10ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും. 18ന് നടക്കുന്ന വ്യവസായി മഹാസംഗമം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യതിഥിയാകും.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കെഎസ്എസ്എഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 18 വ്യവസായ അനുബന്ധ മേഖലകളിലെ വ്യവസായികളും സംഗമത്തിന്റെ ഭാഗമാകും. ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് മിഷനറികൾ, എൻജിനീയറിംഗ്, ഫുഡ്, കെമിക്കൽ, പ്ലാസ്റ്റിക്, ഓയിൽ, ഗ്യാസ്, റബ്ബർ തുടങ്ങിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള അറുന്നൂറോളം പ്രമുഖ മെഷിനറി നിർമാതാക്കൾ, അവരുടെ ഉത്പന്നങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.
മേളയിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസം നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്. കണ്ണൂരിൽ നിന്ന് 250 പേർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സി.അബ്ദുൾ കരീം, ടി,പി. നാരായണൻ, സി.എച്ച്. റഹ്മത്, പി. ഗോവിന്ദൻ, കെ.പി. രാജീവൻ എന്നിവർ പങ്കെടുത്തു.